മണ്ണാർക്കാട്: കാഞ്ഞിരപ്പുഴഡാം ഉദ്യാനത്തിലെ ടിക്കറ്റ് പിരിവ് കരാർകമ്പനിക്കെന്നു കോടതി ഉത്തരവ്.
കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി നടത്തിപ്പിൽ നിലവിലെ ഉദ്യാനത്തിലെ ടിക്കറ്റ് പിരിവ് അവസാനിപ്പിച്ച് ടിക്കറ്റ് കൗണ്ടർ കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഓഫീസിനു നേരിട്ടു പിരിക്കുവാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ കമ്പനിക്ക് കത്തുനൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ 16ന് കമ്പനി കൗണ്ടർ തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ ഗാർഡനും കൗണ്ടർ സ്ഥിതി ചെയ്യുന്ന ബിൽഡിംഗ് എന്നിവ 30 വർഷത്തേക്ക് കമ്പനിക്ക് എക്സിക്യൂട്ടീവ് എൻജിനീയർ കൈമാറിയിട്ടുള്ളതാണെന്നും ടിക്കറ്റ് പിരിവും മറ്റു നടത്തിപ്പും കമ്പനിയുടെ നിയന്ത്രണത്തിൽതന്നെ വേണമെന്നാവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ടിക്കറ്റ് പിരിവ് ഉൾപ്പെടെ മുഴുവൻ നടത്തിപ്പും കമ്പനിക്ക് അനുകൂലമായി വിധിച്ചു. നിലവിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു പിരിക്കുവാൻ സർക്കാരോ നോഡൽ ഏജൻസിയായ കിഡ്കോയോ നിർദേശിച്ചിട്ടില്ല.
എന്നിട്ടും കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ടൂറിസം പ്രോജക്ടിനോടു കാണിക്കുന്നതെന്നു കരാർകന്പനി അധികൃതർ പറഞ്ഞു. സർക്കാരുമായിട്ടാണ് കമ്പനിക്ക് 30 വർഷത്തെ കരാർ ഉള്ളത്.
അതിനാൽ സർക്കാർ നിർദേശം ഇല്ലാതെ ടിക്കറ്റ് കൗണ്ടർ വിട്ടുകൊടുക്കുവാൻ കഴിയില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരിട്ടു പിരിക്കുമെന്നും മാർച്ച് 17 ന് അഗീകരം ലഭിച്ച ഡിപിആർ, മാസ്റ്റർ പ്ലാനും അനുസരിച്ച് പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.